ബെംഗളൂരു: കര്‍ണാടകത്തിലെ 10 സര്‍ക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളില്‍ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയര്‍ന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ വീടുകളില്‍നിന്ന് ആഭരണങ്ങളും പണവും ഉള്‍പ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥരില്‍നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്.
തുമകൂരുവിലെ കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡിവലപ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥന് ഹനുമന്തരായപ്പ, മാണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ ഹര്‍ഷ, ചിക്കമഗളൂരുവിലെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥ നേത്രാവതി, ഹാസനിലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥന് ജി. ജഗന്നാഥ്, കൊപ്പാളിലെ വനംവകുപ്പ് ഉദ്യോഗസ്ഥ രേണുകാമ്മ, ചാമരാജ്നഗറിലെ ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥന് പി. രവി, മൈസൂരു വികസന അതോറിറ്റിയിലെ യജ്ഞേന്ദ്ര, ബല്ലാരിയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് ബി. രവികുമാര്‍, വിജയനഗറിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന് ഭാസ്കര്‍, മംഗളൂരുവിലെ മെസ്കോം എന്‍ജിനിയര്‍ ശാന്തകുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഹര്‍ഷയുടെ വസതിയില്‍നിന്നും ഫാംഹൗസില്‍നിന്നുമാണ് കൂടുതല്‍ അനധികൃത സ്വത്തുവകകള്‍ കണ്ടെത്തിയത്. 4.5 കോടി മൂല്യമുള്ള വസ്തുക്കളും രേഖകളും ഇവിടെനിന്ന് ലഭിച്ചു. വിവിധയിടങ്ങളിലായി 15 ഏക്കറിനും 30 ഏക്കറിനും ഇടയില്‍ കൃഷിഭൂമി ഇയാളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുണ്ട്. റെയ്ഡ് നടത്തിയ ഭൂരിഭാഗംപേരുടെ പക്കലും ഒന്നിലധികം വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളുമുണ്ടെന്നാണ് കണ്ടെത്തല്‍.
ഡിസംബര്‍ അഞ്ചിനും സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ ലോകായുക്തസംഘം റെയ്ഡ് നടത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്രയുടെ അടുത്തബന്ധുവിന്റെ വീടുകളിലടക്കമാണ് അന്ന് ലോകായുക്ത സംഘം റെയ്ഡ് നടത്തിയത്. പലയിടങ്ങളില്‍നിന്നും കോടിക്കണക്കിന് രൂപയുടെ അനധികൃതസമ്പാദ്യം കണ്ടെത്തുകയുംചെയ്തു.