എറണാകുളം: എറണാകുളം പട്ടിമറ്റത്ത് അതിഥി തൊഴിലാളികളുടെ ചീട്ടുകളി കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ ഒന്നരലക്ഷത്തോളം രൂപ പിടികൂടി. എട്ടു പേരെ പട്ടിമറ്റം പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം റൂറൽ എസ്പി കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആസാം സദേശികളായ ബിലാൽ ഹുസൈൻ, മുജീബ് റഹ്മാൻ, മോട്ടിബുൾ റഹ്മാൻ, സിദ്ദിഖുകൾ ഇസ്ലാം, എ.ആർ ചെലം, സെയ്ഫുൾ ഇസ്ലാം, ഗുലാം റബാനി, റോബിൻ ഹുസൈൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇവരിൽനിന്നും ഒന്നര ലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
പട്ടിമറ്റം ഡബിൾ പാലത്തിനു സമീപം വാടകയ്ക്കെടുത്ത മുറിയിലാണ് പണം വെച്ചുള്ള ചീട്ടുകളി നടത്തിയിരുന്നത്. തൊഴിലാളികൾക്ക് ഞായറാഴ്ച അവധി ദിവസമാണ്. ശനിയാഴ്ച വൈകിട്ടോടെ ജോലി കഴിഞ്ഞ് തൊഴിലാളികൾ ചീട്ടുകളി കേന്ദ്രത്തിൽ എത്തും തുടർന്ന് മണിക്കൂറുകളോളം ചീട്ടുകളി തുടരും. പല ദിവസങ്ങളിലും ഞായറാഴ്ച പുലർച്ചെയായിരിക്കും ചീട്ടുകളി അവസാനിപ്പിക്കുക.
വലിയ തുകയുടെ ചീട്ടുകളി ആണ് നടന്നിരുന്നത്. പട്ടി മറ്റത്തിന് പുറത്തുനിന്നുള്ളവരും ഇവിടെ ചീട്ടു കളിക്കുന്നതിനുവേണ്ടി എത്താറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ചീട്ടു കളിയുമായി ബന്ധപ്പെട്ട് സംഘർഷവും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചീട്ടുകളി കേന്ദ്രം ആഴ്ചകളായി നിരീക്ഷണത്തിലായിരുന്നു.