ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാളത്തെ ചോദ്യം ചെയ്യൽ ഇഡി മാറ്റി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് നൽകി.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായി മൂന്ന് ദിവസമാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഏകദേശം 30 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ രാജ്യവ്യാപകമായാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുല്‍ ആവശ്യപ്പെട്ടത്.