
കൊച്ചി: രാഹുലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചുവെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാൻ നമുക്ക് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിൽ വിമർശിച്ചു. എംഎൽഎക്കെതിരെ വ്യാപകമായി ആരോപണങ്ങൾ ഉയരുമ്പോഴും സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് രാഹുൽ. നിലവിൽ രാഹുലിൻ്റെ രാജിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്.
ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡൻറ് ചെറിയാൻ ജോർജും വിമർശിച്ചു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നത് എന്നുമാണ് ഗ്രൂപ്പിൽ ഉയരുന്ന വിമർശനം. അതേസമയം, രാഹുലിന്റെ രാജിക്കായി സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തി. സംരക്ഷിച്ച് വളര്‍ത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടു. വിശ്വസിച്ച് കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശൻ. നൽകിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്റെ ടീമിൽ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുലിനെ സംരക്ഷിച്ചെന്ന വിമര്‍ശനം പാര്‍ട്ടിയിൽ ശക്തമാകുമ്പോഴാണ് യുവനേതാവിനെ സതീശൻ കൈവിടുന്നത്. എംഎൽഎ സ്ഥാനം രാജിവച്ചാൽ എതിരാളികളുടെ വായടപ്പിച്ച് പാര്‍ട്ടിക്ക് മുന്നേറാമെന്നാണ് കണക്ക് കൂട്ടൽ. സാങ്കേതികത്വം പറഞ്ഞ് നിന്നാൽ കൂടുതൽ കുഴപ്പത്തിലേയ്ക്കും നാണക്കേടിലേയ്ക്കും പാര്‍ട്ടി പോകും. രാഹുൽ വിഷയം അടിമുടി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. അതിൽ നിന്ന് പുറത്ത് കടന്ന് മുന്നേറാൻ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി കൊണ്ടേ കഴിയൂവെന്നാണ് വാദം. അത് നിയമസഭയിലും പുറത്തും പാര്‍ട്ടിക്ക് എതിരാളികളെ തിരിച്ചടിക്കാനുള്ള നല്ല ആയുധമാകുമെന്നാണ് രാജി ആവശ്യപ്പെടുന്നവരുടെ അഭിപ്രായം.
