ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ഏകദേശം 30 മണിക്കൂര്‍ നേരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിനെ ചോദ്യം ചെയ്തത്. കേസില്‍ വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ രാഹുലിന് ഇഡി നോട്ടീസ് നല്കി.
അതിനിടെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിനിടെ, ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ച് നാളെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ പാര്‍ട്ടി എംപിമാരോടും ഉടന്‍ ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്കി.
നാളെ സംസ്ഥാന രാജ്ഭവനുകള്‍ ഉപരോധിക്കും. വെള്ളിയാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.35ന് വിവിധ നേതാക്കളുടെ അകമ്പടിയോടെയാണ് രാഹുല്‍ ഇഡി ഓഫീസിലെത്തിയത്. ഒന്‍പത് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇഡി ഓഫീസിന് മുന്നില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. വനിതാ നേതാക്കളെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തര്‍ എംപിയെ അറസ്റ്റ് ചെയ്തു. പൊലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തെ ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു.