ന്യൂഡൽഹി: ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തപ്പോൾ ജീവിതത്തിലേക്ക് ശ്രുതിയെ തിരികെ കൊണ്ടുവരുന്നതിന് ജെൻസൻ ഒപ്പമുണ്ടായിരുന്നു. കരുത്ത് പകർന്ന തണലായി അവൻ അവളെ പിടിച്ചുനിർത്തി. ഡിസംബറിൽ വിവാഹം നടത്തുന്നതിനും തീരുമാനിച്ചു. വീണ്ടും ഒരു ദുരന്തത്തിൽ ശ്രുതിയെ കാലം വീണ്ടും പരീക്ഷിച്ചപ്പോൾ അവൾക്ക് ജെൻസനെയും നഷ്ടമായി. കേരളത്തെയൊന്നാകെ വേദനയിലാഴ്ത്തി ജെൻസൻ വിട പറഞ്ഞപ്പോൾ ശ്രുതിക്ക് കരുത്ത് പകരാൻ ആശ്വാസ വാക്കുകളുമായി എല്ലാവരും ഒപ്പമുണ്ട്.
തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആശ്വാസ വാക്കുകള്‍ കുറിച്ചു. ‘മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവൾ ധൈര്യവതിയായി നിന്നു. ഇന്ന്, അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതിൽ ഞാൻ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ വിയോഗ. ദുഷ്കരമായ ഈ സമയത്ത് നിങ്ങൾ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്നും’ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.