തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സി പി എമ്മും പ്രതിഷേധത്തിനിറങ്ങും. യൂത്ത് കോൺഗ്രസ് ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും ഇപ്പോൾ നടത്തുന്നത് ചാവേർ സമരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചില്ലെന്ന നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ് തയ്യാറാണെന്നും എന്നാൽ ഒരു സാഹചര്യത്തിലും ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോഴിക്കോട് നടത്തിയ രാത്രിയാത്രയിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ റെയിൽവേ ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റെയിൽവേ സ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.