
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെ സഹകരണത്തോടെ നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയം സംഘടിപ്പിക്കുന്ന 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ് മത്സരത്തിന്റെ പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ അല്‍ ഫത്തേഹ് ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.
മത്സരത്തില്‍ മൊത്തം 4,242 പേര് പങ്കെടുത്തു. 703 പേര് പ്രാഥമിക ഘട്ടത്തിലേക്ക് മുന്നേറി.
ഇന്റേണല്‍ യോഗ്യതാ മത്സരങ്ങള്‍ മുതല്‍ അവസാന ഘട്ടം വരെ മത്സരാര്‍ത്ഥികള്‍ ഒന്നിലധികം റൗണ്ടുകളിലൂടെ മുന്നേറുമെന്ന് മന്ത്രാലയത്തിലെ ഹോളി ഖുര്‍ആന്‍ അഫയേഴ്സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ഒമാരി പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിയുള്ളവര്‍, അന്തേവാസികള്‍, അറബി ഇതര ഭാഷ സംസാരിക്കുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി മനഃപാഠം, പാരായണം, പ്രത്യേക മത്സരങ്ങള്‍ എന്നിവയ്ക്കായി ഏഴ് വിഭാഗങ്ങളാണ് മത്സരത്തിലുള്ളത്.
പ്രധാന വിഭാഗങ്ങള്‍ക്ക് പുറമെ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവര്‍, പ്രായം കൂടിയവര്‍, മികച്ച ഖുര്‍ആന്‍ സെന്റര്‍, മികച്ച പ്രാദേശിക മത്സരം എന്നീ വിഭാഗങ്ങളിലായി നിരവധി പ്രോത്സാഹന അവാര്‍ഡുകളുമുണ്ട്.
