
കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിര്‍ദേശമനുസരിച്ച് അധിക റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
60 മാര്‍ക്കിന്റെ പരീക്ഷയില്‍ 18 മാര്‍ക്ക് കിട്ടിയാല്‍ പാസാകാമെന്നിരിക്കെ എം.എസ്. സൊലൂഷന്‍സ് 25 മാര്‍ക്കിന്റെ ചോദ്യം ശരിയായി പ്രവചിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് കാണാതെ ആര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കില്ലെന്നാണ് നിഗമനം. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അവധിക്കാലമായതിനാല്‍ ഇതുവരെ അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) ആണ് കേസ് പരിഗണിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി എം. ജയദീപും ഷുഹൈബിന് വേണ്ടി അഭിഭാഷകരായ പി. കുമാരന് കുട്ടിയും എം. മുഹമ്മദ് ഫിര്‍ദൗസും ഹാജരായി.
