
മഞ്ചേരി: നയവിശദീകരണ സമ്മേളനസ്ഥലത്ത് പി.വി. അൻവർ എം.എൽ.എയ്ക്ക് ആവേശകരമായ സ്വീകരണം. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിനാളുകൾ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിലെത്തി. അൻവറിനെ ഇങ്ക്വിലാബ് സിന്ദാബാദ് വിളികളോടെയാണ് അനുയായികൾ സ്വീകരിച്ചത്. ഡി.എം.കെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി എത്തിയവരുമുണ്ടായിരുന്നു കൂട്ടത്തിൽ. എന്നാൽ പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ഡി.എം.കെയുടെ വിശദീകരണം. ഡി.എം.കെ. മുന്നണിയിലെ പ്രധാന കക്ഷിയാണ് സി.പി.എമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡി.എം.കെ. വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ ഡി.എം.കെ. നേതാക്കളുടെ വീടുകളിൽ പോലീസെത്തിയെന്ന് പൊതുസമ്മേളന വേദിയിലേക്ക് വീട്ടിൽനിന്ന് തിരിക്കവേ അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാണ് പോലീസെത്തിയത്. ഇങ്ങനെയൊക്കെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ പോലീസ് വാഹനങ്ങൾ തടഞ്ഞെന്നും അൻവർ ആരോപിച്ചു. ഡി.എം.കെയുടെ തീരുമാനം കാത്തിരുന്നു കാണാമെന്നും അൻവർ പറഞ്ഞു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഡി.എം.കെ. പതാകയുമായി പ്രവർത്തകർ അൻവറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡി.എം.കെ. പ്രവർത്തകരും യോഗത്തിനെത്തി. ഇവർക്ക് വഴിക്കടവിൽ അൻവറിന്റെ അനുയായികൾ സ്വീകരണമൊരുക്കിയിരുന്നു.
