കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. തിരോധാനക്കേസ് അന്വേഷണത്തിനിടയിൽ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട്ട് മാമി തിരോധാന ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ അൻവർ പറഞ്ഞു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നു. അതിനിടെ അന്വേഷണോദ്യോഗസ്ഥനെ പോലീസിൽനിന്ന് തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റി.
അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനും സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനും എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ താനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡി.ജി.പിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് താൻ എ.ഡി.ജി.പിയുടെ ഓഫിസിൽനിന്ന് ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയില്ലെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിലെ പൊതുസമ്മേളനത്തിനു പിന്നാലെയാണ് അൻവർ ഇന്ന് കോഴിക്കോട് മുതലക്കുളത്ത് സംസാരിച്ചത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു.