ഇന്ത്യന്‍ സിനിമയില്‍ ഇത് വിജയകരമായ സീക്വലുകളുടെ കാലമാണ്. ബാഹുബലിയും കെജിഎഫുമൊക്കെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയം നേടിയതിനെത്തുടര്‍ന്ന് ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും രണ്ട് ഭാഗങ്ങളായാണ് സംവിധായകര്‍ ആലോചിക്കുന്നത് തന്നെ. ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്റെ സീക്വല്‍ ഉണ്ട്. പുഷ്പ 2 ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍, അതായത് 2024 ഓഗസ്റ്റ് 15 ന് ബഹുഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രദര്‍ശനശാലകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടും. കൌതുകമുണര്‍ത്തുന്ന ഒരു പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
അല്ലു അര്ജുന് അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തെ ദൃശ്യവത്കരിച്ചിരിക്കുന്ന പോസ്റ്ററില്‍ അദ്ദേഹത്തിന്റെ മുഖം ഔട്ട് ഓഫ് ഫോക്കസില്‍ ആണ്. ഫോക്കസില്‍ ഉള്ളത് കഥാപാത്രത്തിന്റെ ഇടത്തേ കൈത്തണ്ടയാണ്. ഒരു വിരലില്‍ സ്ത്രീകളെപ്പോലെ നഖം വളര്‍ത്തി ക്യൂട്ടെക്സ് ഇട്ട്, മൂന്ന് വിരലുകളില്‍ വലിയ മോതിരങ്ങളും കൈത്തണ്ടയില്‍ സ്വര്‍ണ്ണ ചെയിനുകളുമൊക്കെ ധരിച്ചാണ് അല്ലുവിന്റെ ജനപ്രിയ കഥാപാത്രത്തിന്റെ ഇരിപ്പ്.