
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും സെപ്റ്റംബറില്‍ വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ശുപാര്‍ശ ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുന്‍പ്, 2025 സെപ്റ്റംബര്‍ 19ന് പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. വിജിലന്‍സ് ഡിഐജി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന് വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട്ട് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയാണ്. വി ഡി സതീശന് ഫണ്ട് കൈകാര്യം ചെയ്തതായി അറിവായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സെപ്റ്റംബറില്‍ കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സതീശന് കുറ്റക്കാരനാണോയെന്നും ഫണ്ട് കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ഒരു വര്‍ഷം മുന്‍പുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിദേശ നാണയ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്. അതിന് നല്ലത് സിബിഐയാണ് എന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശയില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്നുള്ള വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വി ഡി സതീശനെതിരെ തെളിവില്ലെന്നും അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള മറ്റൊരു റിപ്പോര്‍ട്ട് വന്നത്.


