കൊച്ചി: സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കം ഗൂഡാലോചനയിലെ സുപ്രധാന വിവരങ്ങളായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപിനൊപ്പം സുനിലിനെ നിരവധി തവണ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന് കുരുക്കായി ജയിലില്‍ നിന്നുള്ള സുനില്‍ കുമാറിന്റെ ഫോൺവിളിയും പുറത്തുവന്നു. പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
