ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പൾസർ സുനി പരമോന്നത കോടതിയെ സമീപിച്ചത്. തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ സമീപകാലത്ത് ഒന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചുവെന്ന് സുനി ജാമ്യാപേക്ഷയിൽ പറയുന്നു.
കേസിൽ ഒന്നാം പ്രതി പൾസർ സുനി, നാലാം പ്രതി വിജീഷ് എന്നിവർ ഒഴികെ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. വിജീഷിനും കഴിഞ്ഞ ദിവസം ഹൈക്കോടതിയും ജാമ്യം അനുവദിച്ചു. പൾസർ സുനി അടക്കമുള്ള സംഘത്തിന്റെ വാഹനത്തിൽ അത്താണി മുതൽ വിജീഷും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.
