തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ടീമാണ് പൊതുമരാമത്തു വകുപ്പെന്നു മന്ത്രി മുഹമ്മദ് റിയാസ്. വിപുലമായ റസ്റ്റ് ഹൗസ് ശൃംഖലയാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. 2021 നവംബർ ഒന്നിന് റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതു മുതൽ ഓൺലൈൻ വഴി മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ബുക്കിംഗും വരുമാനവുമാണ് പി.ഡബ്ല്യു.ഡി വകുപ്പിന് ഇതുവഴി ലഭിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഈ സൗകര്യം സ്വീകാര്യമായി എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വകുപ്പിന്റെ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഓരോ സ്ഥലത്തും എന്താണ് ആവശ്യം, എന്താണ് പരിഹാരമെന്ന് കണ്ടെത്തി സമിതി അതിന്റെ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട റസ്റ്റ് ഹൗസ് നിര്‍മാണോത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കാട്ടാക്കട റസ്റ്റ് ഹൗസ് സ്ഥാപിക്കാന്‍ 2019 ലാണ് അനുമതി ലഭിച്ചത്. രണ്ടു നിലകളിലായി 7000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മന്ദിരമാണ് നിര്‍മിക്കുക. കോണ്‍ഫറന്‍സ് ഹാള്‍, വി.ഐ.പി റൂം, സന്ദര്‍ശക റൂം, ആറ് ഡബിള്‍ ബെഡ് റൂമുകള്‍ എന്നിവ പുതിയ മന്ദിരത്തിലുണ്ടാകും. 268.13 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഒരു വര്‍ഷമാണ് നിര്‍മാണ കാലാവധി.
ഐ.ബി.സതീഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വി.രാധിക ടീച്ചർ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
