മനാമ: ബഹ്റൈനിൽ പൊതുവിദ്യാലയങ്ങൾ വീണ്ടും തുറന്നു. കോവിഡ് അലർട്ട് യെല്ലോ ലെവൽ അനുസരിച്ച് സ്കൂളുകൾ അവയുടെ ശേഷിയുടെ 50 ശതമാനത്തിലാണ് പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആദ്യ പാദത്തിൽ നൽകിയതുപോലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനവും ഓഫ്ലൈൻ പഠനവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അധ്യയനവർഷത്തിന്റെ രണ്ടാം പകുതിയിലും നിലനിർത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
മുൻകരുതലുകൾക്ക് അനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയം നിർദേശം നൽകി. ഓരോ സ്ഥാപനത്തിലെയും മൊത്തം ജീവനക്കാരുടെ 30 ശതമാനത്തിൽ കൂടാത്ത നിരക്കിൽ വർക്ക് ഫ്രം ഹോം ഫോർമാറ്റ് നടപ്പാക്കാൻ എല്ലാ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത്ത് ടീം വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തും. കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്ന നടപടികൾ കൃത്യമായി ഓരോരുത്തരും പാലിക്കുന്നെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
സാനിറ്റൈസറിന്റെ ഉപയോഗം, ശുചിത്വം, കാമ്പസിലെ സാമൂഹിക അകലം, തെർമൽ ചെക്കിങ്, സ്കൂൾ ബസുകളിലെ സാമൂഹിക അകലം പാലിക്കൽ, ഐസൊലേഷൻ റൂം ലഭ്യത, മാസ്ക് ധരിക്കൽ, മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിനുള്ള വിദഗ്ധ വർക്കിങ് ടീമിന്റെ സാന്നിധ്യം എന്നിവ ഉണ്ടോയെന്നാണ് പരിശോധിക്കുക. ഓരോ സ്കൂളും ഇതു പാലിക്കുന്നതിനെ സംബന്ധിച്ച റിപ്പോർട്ട് അതത് ദിവസം മന്ത്രാലയത്തിന് നൽകണമെന്നും വ്യവസ്ഥയുണ്ട്.
