പാലക്കാട്: പാലക്കാട്ട് ധോണിയിൽ വീണ്ടും പി.ടി.7 ഇറങ്ങി. തുടർച്ചയായി പി.ടി.7 ഇറങ്ങുന്നതിൽ നാട്ടുകാർ ആശങ്കാകുലരാണ്. തലനാരിഴയ്ക്കാണ് ആളുകൾ കാട്ടാനയിൽ നിന്നും രക്ഷപ്പെടുന്നത്.
രണ്ട് കാട്ടാനകൾക്കൊപ്പം ഇന്നലെ രാത്രിയാണ് പി.ടി.7 എത്തിയത്. പി.ടി. സെവനോടൊപ്പം ഒരു കൊമ്പനും പിടിയാനയുമാണുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ തിരികെ കാട്ടിലേയ്ക്കയക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവർ ആനയുടെ മുന്നിൽ പെടാറുണ്ട്. അതിനാൽ ഇവിടെയുള്ളവർ വൈകുന്നേരം 6 മണിക്ക് ശേഷം പുറത്തിറങ്ങാറില്ല. രണ്ട് മാസം മുമ്പ് പ്രഭാത സവാരിക്കിറങ്ങിയ ഒരാളെ ആന ചവിട്ടിക്കൊലപ്പെടുത്തിയത് ഇവിടെ വച്ചാണ്. അന്ന് മുതൽ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ പ്രഭാത നടത്തം തന്നെ നിർത്തി.