കൊച്ചി: അന്ത്യാഭിലാഷം പോലെ പി ടി തോമസിന് അമ്മയുടെ കല്ലറയിൽ അന്ത്യവിശ്രമം. കെ പി സി സി വർക്കിങ് പ്രസിഡന്റായിരുന്ന പി ടി തോമസിന്റെ ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടിലുളള കുടുംബകല്ലറയിൽ സംസ്കരിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ ആദരം ഏറ്റുവാങ്ങിയാണ് ചിതാഭസ്മം എറണാകുളത്തുനിന്ന് ജന്മനാട്ടിൽ എത്തിച്ചത്.
വൈകിട്ട് നാലരയോടെയാണ് പി ടി തോമസിന്റെ ചിതാഭസ്മം ജന്മനാടായ ഇടുക്കി ഉപ്പുതോട്ടിലെ സെന്റ് ജോസഫ്സ് പളളിയിൽ എത്തിച്ചത്. പളളിയ്ക്ക് പുറത്തെ പന്തലിൽ ചിതാഭസ്മം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഇവിടെ 20 മിനിറ്റോളം പൊതു ദർശനം ഉണ്ടായിരുന്നു. പി ടി തോമസിന്റെ ബന്ധുക്കളും സുഹുത്തുക്കളും നാട്ടുകാരുമായ നിരവധിപ്പേർ ചിതാഭസ്മത്തിൽ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് തൊട്ടടുത്തുളള സെമിത്തേരിയിലേക്ക് ചിതാഭസ്മം കൊണ്ടുപോയി.
ക്രിസ്ത്യൻ മതാചാരപ്രകാരമുളള ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. പ്രിയപ്പെട്ട അമ്മയേയും സഹോദരനെയും അടക്കം ചെയ്ത കല്ലറിയിലേക്ക് പി ടി തോമസിന്റെ ചിതാഭസ്മവും അടക്കി. ഭാര്യ ഉമയും മക്കളും കണ്ണീരോടെ യാത്രമൊഴി ചൊല്ലി. മക്കളായ വിഷ്ണുവും വിവേകും കല്ലറിയിലേക്ക് ഒരു പിടി മണ്ണി വാരിയിട്ടു. പി ടി തോമസ് എന്ന കർഷക കുടിയേറ്റ മണ്ണിന്റെ നേതാവ് ഓർമയായി.
രാവിലെ ഏഴുമണിയോടെയാണ് പിടിതോമസിന്റെ ചിതാഭാസ്മവും വഹിച്ചുകൊണ്ടുളള സ്മൃതിയാത്ര പാലാരിവട്ടത്തെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. കുടുംബാംഗങ്ങൾ കൈമാറിയ ചിതാഭസ്മം കെ പി സിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഏറ്റുവാങ്ങി. കളമശേരിയിലും പെരുമ്പാവൂരിലും കോതമംഗലത്തും നിരവിധിപ്പേരാണ് ആദർമർപ്പിച്ചത്.
ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിലായിരുന്നു പി ടിയുടെ ജന്മനാട്ടിലൂടെയുളള സ്മൃതിയാത്ര. ഉപ്പുതോട്ടിൽ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്ത ശേഷം അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.