കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന സി.പി.എം. യുവ നേതാവിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ് നേതാവ്.
ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പി.എസ്.സി. അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയാ കമ്മിറ്റി അംഗത്തിനു കൊടുത്തെന്ന് പരാതി നൽകിയത്. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.
മുഹമ്മദ് റിയാസിനു പുറമെ എം.എൽ.എമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്. 60 ലക്ഷം നൽകിയാൽ പി.എസ്.സി. അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പി.എസ്.സി. അംഗത്വത്തിനും രണ്ടു ലക്ഷം മറ്റു ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്ടർക്കു വേണ്ടി ഭർത്താവാണ് പണം നൽകിയത്.
അംഗത്വം കിട്ടാതെ വന്നപ്പോൾ ആയുഷ് മിഷനിൽ ഉയർന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. ഇതോടെയാണ് ഡോക്ടർ പാർട്ടിയുടെ കോട്ടൂളിയിലെ പ്രാദേശിക നേതൃത്വത്തിന് പരാതി നൽകിയത്. കോട്ടൂളി ഘടകം ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ പേരു പറഞ്ഞാണ് പണം വാങ്ങിയതെന്ന ആരോപണം പരാതിയിലുള്ളതിനാൽ പരാതി സംസ്ഥാന സെക്രട്ടറിയേറ്റിനും കൈമാറി.
ആരോപണം നേരത്തെതന്നെ അറിഞ്ഞ മുഹമ്മദ് റിയാസും കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തി ഇടപാടു നടന്നെന്നു ബോധ്യപ്പെട്ട ശേഷം അന്വേഷിക്കാനായി ജില്ലാ കമ്മിറ്റിക്കു കൈമാറി. മുമ്പും യുവനേതാവിനെതിരെ ഇതുപോലുള്ള ആരോപണങ്ങളുയർന്നിരുന്നു.