കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനു മുന്നിൽ സമരം തുടങ്ങി.
ഇതോടെ ശ്രീജിത്തിന്റെ വീടിന് പൊലീസ് സുരക്ഷയേർപ്പെടുത്തി. അമ്മയ്ക്കും മക്കൾക്കുമൊപ്പമാണ് പ്രമോദ് സമരം നടത്തുന്നത്. അഭിഭാഷകരുമായി സംസാരിച്ച് നാളെയും മറ്റന്നാളുമായി പോലീസിനും അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.
താനും തന്റെ കുടുംബവും സ്നേഹിതരും മാത്രമാണ് ഇപ്പോൾ ഉത്തരം പറയേണ്ടതായി വന്നത്. ഇക്കാര്യം തന്റെ അമ്മയെ മാത്രമാണ് ബോധ്യപ്പെടുത്തേണ്ടത്. താൻ 22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവു തരണം. ഗൂഢാലോചന നടത്തിയത് ആരാണ്? 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി? തുടങ്ങിയ കാര്യങ്ങൾ തന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് സമരം ചെയ്യുന്നതെന്നും പ്രമോദ് പറഞ്ഞു. വീട്ടിൽ ശ്രീജിത്ത് ഇല്ലെന്നറിയുന്നു.
അതേസമയം, പ്രമോദിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിറക്കി. പാർട്ടി ഭരണഘടനയ്ക്ക് നിരക്കാത്ത അച്ചടക്ക ലംഘനം പ്രമോദിന്റെ ഭാഗത്തുനിന്നുണ്ടായെന്നും അത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി യെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ ഏതുതരത്തിലുള്ള അച്ചടക്കലംഘനമെന്ന് പാർട്ടി വിശദീകരിച്ചിട്ടില്ല.