
തിരുവനന്തപുരം: പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും ന്യായമായ വേതന വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന അവസരത്തിൽ കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു.
സർക്കാർ ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും വിവിധ ക്ഷേമ പെൻഷൻകാർക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നതെന്നത് ആശങ്കയുളവാക്കുന്നു. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ഇടതു നയത്തിൽനിന്ന് സർക്കാർ വ്യതിചലിക്കരുതെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു.
