നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നിലമ്പൂരിൽ പ്രകടനം നടത്തിയ നൂറോളം സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
ഗതാഗത തടസ്സമുണ്ടാക്കി, അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
27ന് വൈകിട്ടാണ് സി.പി.എം. നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷൻ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ. ആന്റണി, നഗരസഭാദ്ധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാദ്ധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. അൻവറിന്റെ കൈയും കാലും വെട്ടിയരിഞ്ഞ് ചാലിയാറിൽ ഒഴുക്കും എന്നതടക്കം പ്രകടനത്തിൽ വിളിച്ച കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു.