തിരുവനന്തപുരം: പി.വി. അന്‍വർ എം.എൽ.എയുടെ ആരോപണ പരമ്പര പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാൻ സർക്കാരിനുമേൽ സി.പി.എമ്മിൽനിന്ന് സമ്മർദ്ദമേറുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി.
ഈ മാസം പകുതിയോടെ അവധിയില്‍ പ്രവേശിക്കുന്ന എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍ തിരികെയെത്തുമ്പോള്‍ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യത്തിലും കടുത്ത നിലപാടിലേക്ക് പോയേക്കുമെന്നാണ് സൂചന.
കണ്ണൂരിലെ കരുത്തനായ നേതാവായ ഇ.പി. ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി അജിത് കുമാറിന്റെയും ശശിയുടെയും കാര്യത്തിൽ നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവും അണികൾക്കിടയിൽ നിന്ന് ഉയരുന്നു.
ജില്ലകള്‍തോറും നടക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍നിന്ന് നേതൃത്വത്തിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു ശേഷം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിന് കൂടുതല്‍ ആയുധങ്ങള്‍ നൽകുന്നത് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ പി.വി. അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അജിത് കുമാറിനെ സംരക്ഷിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രഹസ്യ ആര്.എസ്.എസ്. ബന്ധമെന്ന ആരോപണത്തോടെ ദുര്‍ബലമാക്കുകയായിരുന്നു. ആര്.എസ്.എസിനെതിരെ എക്കാലവും ശക്തമായ നിലപാട് സ്വീകരിക്കുന്ന സി.പി.എം. ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം അണികളില്‍നിന്ന് വ്യാപകമായി ഉയരുന്നുണ്ട്.
പാര്‍ട്ടിക്ക് ഏറെ അടിത്തറയുളള വടക്കന്‍ ജില്ലകളിലെ സമ്മേളനംസമ്മേളനം പ്രതിനിധികള്‍ തന്നെ ഈ ചോദ്യമുയര്‍ത്തിയതോടെയാണ് അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്ന നിർദ്ദേശം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനു നല്‍കിയത്. അജിത്കുമാര്‍ ആര്.എസ്.എസിന്റെ രണ്ട് ഉന്നത നേതാക്കളെ ദിവസങ്ങളുടെ ഇടവേളയില്‍ കണ്ടുവെന്നും അതുസംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. എന്നിട്ടും അജിത് കുമാറിനെ സംരക്ഷിക്കുന്നത് ആര്.എസ്.എസ്. ബന്ധത്തെപ്പറ്റി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാകുമെന്നും ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്‍പ്പെടെ സംശയത്തിന് ഇടയാക്കുമെന്നും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളയും ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. മുഖ്യമന്ത്രിക്ക് അതീതമായി ആഭ്യന്തര വകുപ്പില്‍ ശശി ഇടപെടല്‍ നടത്തുന്നുവെന്ന ആക്ഷേപം സര്‍ക്കാരിന് ദോഷമുണ്ടാക്കുന്നു എന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ ജയിലിലായതു വിവാദമായ ശേഷവും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് പാര്‍ട്ടിയുടെ ജാഗ്രതക്കുറവായി വിലയിരുത്തപ്പെടുമെന്ന നിഗമനത്തിലാണ് നേതൃത്വം. ഈ സാഹചര്യത്തിലാണ് നടപടികൾക്ക് സർക്കാർ നിർബന്ധിതമാവുന്നത്.