കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ കോർപ്പറേഷൻ ജീവനക്കാർക്ക് മർദ്ദനം. കോർപ്പറേഷൻ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചു. സുഭാഷ് പാർക്കിനുള്ളിൽ വച്ചാണ് മർദ്ദനമേറ്റത്. ഓഫീസിൽ ആരെയും പ്രവേശിപ്പിക്കാതെയുള്ള സമരം നടത്താൻ പറ്റില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് കോർപ്പറേഷൻ സെക്രട്ടറി അടക്കമുള്ളവർ ഓഫീസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റത്.
കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്. ഒപ്പമുണ്ടായിരുന്ന ഓവർസിയർ സുരേഷിനും ഹെൽത്ത് സെക്ഷൻ ജീവനക്കാരനായ വിജയകുമാറിനും മർദ്ദനമേറ്റു.
ബ്രഹ്മപുരം തീപിടിത്തത്തിൽ സോൺട ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് സമരം പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെയാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിലെ സമരം.