ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. ലോക്സഭയിൽ ഇന്നും സ്പീക്കർക്ക് നേരെ കടലാസുകൾ കീറിയെറിഞ്ഞാണ് പ്രതിഷേധം നടന്നത്. തുടർന്ന് സഭ പിരിഞ്ഞു. ഇന്നും പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.
അതേസമയം, മോദി പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഒബിസി എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്നു. സഭ തടസ്സപ്പെടുത്തുന്നതിന്റെ പൂർണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ബി.ജെ.പി യോഗത്തിൽ തീരുമാനമായി.