
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ. വ്യാഴാഴ്ച മുതൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു. സെക്രട്ടറിയേറ്റ് ഉപരോധത്തിന് പിന്നാലെ മൂന്ന് ആശമാരായിരിക്കും നിരാഹാരമിരിക്കുക. എംജി റോഡിന്റെ ഒരു ഭാഗത്തെ ഉപരോധ സമരം ഒഴിവാക്കാനും ആശാവർക്കർമാർ തയ്യാറായിട്ടുണ്ട്.കഴിഞ്ഞ 36 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആശാവർക്കർമാർ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാപകൽ സമരം നടത്തിവരികയായിരുന്നു. സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും നിരന്തരം അവഗണന മൂലമാണ് ആശാവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉപരോധം.വൈകിട്ട് ആറ് മണിയോടെ ഉപരോധം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംജി റോഡിൽ പാത്രം കൊട്ടിയുളള ഉപരോധമാണ് ഇപ്പോൾ നടക്കുന്നത്.
പ്രതിപക്ഷനേതാവ് വിഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉപരോധത്തിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.അതിനിടയിൽ സമരക്കാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കി സർക്കാർ. ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്നും ആശമാർ പറഞ്ഞു. എന്നാൽ, ഓണറേറിയം വർദ്ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.
