കൊച്ചി: സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്താൻ നിയമം അനുശാസിക്കുന്ന വുമൺ പ്രൊട്ടക്ഷൻ ഓഫീസ്, സർവീസ് പ്രൊവൈഡിംഗ് സെന്ററുകൾ, പോലീസ് സംവിധാനം എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തിക്കൊണ്ട് ഗാർഹിക പീഡന കേസുകളിൽ സ്ത്രീകൾക്ക് പെട്ടെന്നു തന്നെ സംരക്ഷണം ഉറപ്പു വരുത്താനാവണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന് സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായി കൊച്ചിന് കോര്‍പറേഷനിലെ മാനാശേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
ഏറ്റവും ശക്തമായ സ്ത്രീ സുരക്ഷാ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. നിയമപരമായി പരിരക്ഷയുണ്ടെങ്കിലും പക്ഷേ, ഇതുപ്രാവര്ത്തികമാക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് അന്തസുറ്റ ജീവിതവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉറപ്പുവരുത്തുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം. കേരളത്തിലെ 14 ജില്ലകളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സംരക്ഷണ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്.
സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായാണ് ഇന്നത്തെ സമൂഹം കാണുന്നത്. സമൂഹത്തിന്റെ ഈ വീക്ഷണമാണ് പീഡനങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവത്തിന് മാറ്റം വരുത്താനാണ് വനിതാ കമ്മിഷന് ശ്രമിക്കുന്നത്. കടുത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍ അകറ്റി സമൂഹത്തില്‍ സ്ത്രീപക്ഷ വീക്ഷണം ഉണ്ടാകണം.
അടിത്തട്ടില്‍ നിന്നുമാണ് മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. പുരുഷ മേധാവിത്വപരമായ ചിന്താഗതി സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ഇതിനു മാറ്റം ഉണ്ടാക്കുന്നതിന് പുരുഷന്മാരെയും ബോധവല്‍ക്കരിക്കണം. സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് ക്ലാസുകളില്‍ പങ്കെടുപ്പിക്കണം. പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നില്ക്കാന് മാതാപിതാക്കള്‍ പ്രാത്പരാക്കണം. പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. വിധേയത്വ മനോഭാവം അവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
തീരദേശ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്ക്കുന്നതിനുമായും പ്രത്യേക ക്യാമ്പിലൂടെ വനിതാ കമ്മിഷന് സ്ത്രീകള്‍ക്കടുത്തേക്ക് വരുകയാണ്. കടല്‍ത്തീരമുള്ള ഒന്‍പതു ജില്ലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കൊല്ലം, കോഴിക്കോട് ജില്ലകളിലെ തീരദേശത്തെ വനിതകളുടെ പ്രശ്നങ്ങള്‍ അപഗ്രഥിച്ചു. എറണാകുളം ജില്ലയിലാണ് നിലവില്‍ ക്യാമ്പ് നടന്നുകൊണ്ടിരിക്കുന്നത്.
തീരദേശ മേഖലയിലെ സ്ത്രീകള്‍ക്ക് തൊഴിലുമായി ബന്ധപ്പെട്ടും കുടുംബത്തിലും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പ്രദേശങ്ങള്‍ക്കനുസരിച്ച് സ്ത്രീകളുടെ പ്രശ്നങ്ങളിലും വൈവിധ്യമുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവര്‍ക്ക് സാമൂഹ്യപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനും ശക്തമായ ഇടപെടലാണ് വനിതാ കമ്മിഷന് നടത്തുന്നത്. ക്യാമ്പുകള്‍ സംഘടിപ്പിച്ച് ശില്പശാലകള് നടത്തുന്നത് സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിഹാരം കാണുന്നതിനാണ്. 26 വര്‍ഷക്കാലമായി കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ വനിതാ കമ്മിഷന് ഇടപെടുന്നു. സ്ത്രീകളുടെ സാമൂഹ്യ പദവി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിതാ കമ്മിഷന് നേതൃത്വം നല്‍കുന്നതെന്നും അധ്യക്ഷ പറഞ്ഞു.
ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകള്‍ക്കുള്ള സംരക്ഷണ നിയമം 2005 എന്ന വിഷയത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. ഫെറാ അസീസ് ക്ലാസ് നയിച്ചു. വനിതാ കമ്മിഷന് മെമ്പര്‍ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചിന് കോര്പ്പറേഷന് ക്ഷേമ- ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ലാല്‍, വനിത കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.