തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഒരു പൊതുവായ ലക്ഷ്യത്തിനായി കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യുന്ന കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒരു പ്രത്യേക പ്രദേശത്തിനായി ഇളവ് നൽകാൻ കഴിയില്ല എന്നും മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനും വളര്ച്ചകക്കും നമ്മുടെ പ്രകൃതിയെ കാത്തു പുലർത്തുക തന്നെ ചെയ്യുമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിയമ സഭയിൽ പറഞ്ഞു.
സംസ്ഥാനത്തെ കാർഷിക വളർച്ച പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവക്ക് വേണ്ടി നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും അവ പരിവർത്തനപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നത് നിയന്ത്രിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യേണ്ടത് സമൂഹത്തിന്റെയും മാനവരാശിയുടേയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൽ ഉടനീളമുള്ള നെൽവയലുകളും നീർത്തടങ്ങളും കടുത്ത ഭീഷണി നേരിട്ടപ്പോൾ അതിനെ ഗൗരവതരമായിക്കണ്ട് ഏറെ ചർച്ചകൾ ചെയ്താണ് ഈ നിയമം കൊണ്ടുവരികയും നിയമസഭ അംഗീകരിക്കുകയും ചെയ്തത്.
ഈ നിയമം കേരളത്തില്‍ നടപ്പാക്കിയതോടെ സംസ്ഥാനത്ത് നെൽവയലുകളും, തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും പരിവർത്തനപ്പെടുത്തുകയും ചെയ്യുന്ന പ്രവണത നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്
കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കുട്ടനാടിന്റെ പരിസ്ഥിതിയെ മാത്രമല്ല സംരക്ഷിക്കുന്നത്. പ്രകൃതി കനിഞ്ഞുനല്കിയിരിക്കുന്ന ഈ ആവാസ വ്യവസ്ഥ കേരളത്തിന്റെ മുഴുവന്‍ പരിസ്ഥിതിയെയും സംരക്ഷിക്കുന്ന ഒന്നാണ്. നെൽവയലുകളും, തണ്ണീർത്തടങ്ങളും ആവാസ വ്യവസ്ഥയുടെ മൂല ബിന്ദുവായ ജലത്തിന്റെ ബാങ്കുകളാണ്. തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിനായി ആഗോള തലത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശത്ത് റംസാർ സൈറ്റിൽ ഉൾപ്പെടുന്ന പ്രദേശമാണ് കുട്ടനാടൻ മേഖല. കേരളത്തിന്റെ നെൽപ്പുരകളിലൊന്നായ കുട്ടനാടൻ മേഖല കടലോരക്കായൽ നീർത്തടം കൂടിയാണ്.
കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പിലാക്കിയതു മൂലം വികസന കാര്യങ്ങളില്‍ കുട്ടനാട് നേരിടുന്ന പ്രയാസങ്ങൾ സംബന്ധിച്ചും തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് ശ്രീ. തോമസ് കെ. തോമസ് എം.എല്‍.എ. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി.