മനാമ: സൈബര്‍ ഇടങ്ങളിലെ ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക് മെയിലിംഗില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പയിന് ബഹ്റൈനിൽ തുടക്കമായി. കാമ്പയിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബുവൈനൈന്‍, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്മാന് ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ അഹമ്മദ് ഖലാഫ് അല്‍ അസ്ഫൂര്, വിദ്യാഭ്യാസ മന്ത്രിഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ, ഡോ. യുവജനകാര്യ മന്ത്രി റവാന്‍ നജീബ് തൗഫീഖി, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസന് അല്‍ ഹസന് തുടങ്ങിയവര്‍ പങ്കെടുത്തു.
പബ്ലിക് പ്രോസിക്യൂഷന്, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നീതിന്യായ- ഇസ്ലാമികകാര്യ- എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റ്, യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി, നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി, ജുഡീഷ്യല്‍ ആന്‍ഡ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ എന്നിവ ക്യാമ്പയിന് പങ്കാളികളാണ്.
കുട്ടികള്‍ക്കുനേരെയുള്ള ഓണ്‍ലൈന്‍ ചൂഷണത്തെക്കുറിച്ചും ബ്ലാക്ക്മെയില്‍ അപകടസാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തുകയാണ് ദേശീയ കാമ്പയിന് ലക്ഷ്യമിടുന്നത്. ഭീഷണികള്‍ തിരിച്ചറിയല്‍, വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കല്‍, ഇലക്ട്രോണിക് സംരക്ഷണ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സുരക്ഷാ തന്ത്രങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും പരിപാലകരെയും ബോധവല്‍ക്കരിക്കും.