തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദൻ. മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ ജില്ലാ തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും കണ്ട്രോള് റൂമുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്കി. ജില്ലാ തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി വിവരം വിലയിരുത്തുന്നുണ്ട്. ഓറഞ്ച് ബുക്ക് 2021ലെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുന്‍കരുതലുകളും മറ്റ് തയ്യാറെടുപ്പുകളും കൊക്കൊള്ളുന്നുണ്ട്. ദുരന്ത സാധ്യത മനസിലാക്കി രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കാന്‍ ആവശ്യമായ റിസോഴ്സുകള്‍ കണ്ടെത്തി സജ്ജമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.