തിരുവനന്തപുരം: ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് വിലയിരുത്തി. ക്രമസമാധാനചുമതലയുള്ള മുതിര്‍ന്ന ഓഫീസര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ മുതലായവ വീടുകള്‍ക്ക് അകത്ത് തന്നെ നടത്തണം. ബീച്ചുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉത്സവകാലത്ത് അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേകനിരീക്ഷണം ഉണ്ടാകും.
ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മോഷ്ടാക്കള്‍ക്ക് എതിരെ പോലീസ് ജാഗ്രത പാലിക്കും. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തും. പൊതുസ്ഥലങ്ങളില്‍ സൈക്കിളിലും ബൈക്കിലുമുള്ള പിങ്ക് പോലീസ് പട്രോളിങ് കൂടുതല്‍ വ്യാപകമാക്കും. ജനമൈത്രി ബീറ്റിന്റെയും വനിതാ സെല്ലുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ വൈവിദ്ധ്യവല്‍കരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
