
ഇടുക്കി: ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി അറുപത് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. പത്തനംതിട്ട സ്വദേശി പ്രമോദ് (42), കരുനാഗപ്പള്ളി സ്വദേശി ഉമ്മൻ (67) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ന്യൂസിലൻഡിൽ ജോലി ശരിയാക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നാണ് ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കട്ടപ്പന പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഒരാളിൽ നിന്ന് മാത്രമായി 10 ലക്ഷം വരെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. വിദേശ ജോലിക്കായി പണം നൽകി ഏറെ നാള് കാത്തിരുന്നിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയത്. പ്രതികള്‍ പിടിക്കപ്പട്ട വിവരം അറിഞ്ഞ് പറ്റിക്കപ്പെട്ട കൂടുതൽ ആളുകൾ പരാതിയുമായി എത്തിയിട്ടുണ്ട്. കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഇവർക്കെതിരെ സമാനമായ തട്ടിപ്പു പരാതികൾ ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
