
മനാമ: ജെൻട്രൽ ന്യൂട്രാലിറ്റി എന്നത് മുതലാളിത്തത്തിന്റെ ഉൽപ്പന്നമാണെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് പറഞ്ഞു. ടീൻ ഇന്ത്യ സംഘടിപ്പിച്ച “ജീവിതം സുന്ദരമാണ്” എന്ന സംഗമത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വളർന്നു വരുന്ന തലമുറക്ക് മാത്രമേ കരുത്തുറ്റ നല്ലൊരു സമൂഹത്തെ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ തങ്ങളുടെ അകവും പുറവും തേച്ചു മിനുക്കി ശക്തരാകേണ്ടതുണ്ട്. നമ്മുടെ തനിമയും മൂല്യവും എപ്പോഴും കൂടെ വെക്കാൻ സാധിക്കണം. മുതലാളിത്ത താൽപര്യങ്ങളുടെയും കോർപറേറ്റുകളുടെയും ചട്ടുകങ്ങളായി മാറാൻ നിന്നു കൊടുക്കരുത്. വിപണിവൽകൃത വിദ്യാഭ്യാസമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന സമൂഹമാണിന്ന് ആവശ്യം. മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കാനും അവർ പകർന്നു തരുന്ന നല്ല അറിവുകളെ ജീവിതത്തിലേക്ക്
സ്വാംശീകരിക്കാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്നാൻ ഷൗക്കത്തലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാമിൽ ശംസുദ്ധീൻ സ്വാഗതവും ഫുസ്ഹ ദിയാന നന്ദിയും പറഞ്ഞു. ഷബിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് മുഹിയുദ്ധീൻ, സജീർ ഇരിക്കൂർ എന്നിവരും സംസാരിച്ചു. ടീൻ ഇന്ത്യ കോഡിനേറ്റർ മുഹമ്മദ് ഷാജി, കോർഡിനേറ്റർമാരായ ലുബൈന ഷഫീഖ്, ഷബീഹാ ഫൈസൽ, നസീറ, നസിയ, ഹാരിസ്, അബ്ദുൽ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
