
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽ.ഡി.എഫ്. വയനാട് പാർലമെൻ്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായാണ് പരാതി. ടി. സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.
ദേവാലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർത്ഥന നടത്തുന്നതിൻ്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ടഭ്യർത്ഥിച്ചെന്നും നിയമത്തിൻ്റെ നഗ്നമായ ലംഘനമാണിതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും എൽ.ഡി.എഫ്. പാർലമെൻ്റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
