
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ വൻ ജനക്കൂട്ടത്താൽ വീർപ്പുമുട്ടി കൽപ്പറ്റ നഗരം. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് റോഡ് ഷോ തുടങ്ങിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പ്രിയങ്കയ്ക്കൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും, എം.പിമാരടക്കമുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ റോഡ് ഷോയ്ക്കെത്തി.
പ്രിയങ്ക ഇന്നലെ രാത്രിയാണ് വയനാട്ടിലെത്തിയത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകീട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്ന് റോഡ് മാർഗം ബന്ദിപ്പൂർ വനമേഖലയിലൂടെയാണ് മുത്തങ്ങ അതിർത്തി കടന്ന് രാത്രി ഒൻപതോടെ ബത്തേരിയിലെത്തിയത്.
