തിരുവനന്തപുരം: നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ബസ് ചാർജ് വർദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകുന്നില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.
രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു കൂടിക്കാഴ്ച. ബസ് ഉടമകൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചർച്ച എന്നാണ് സർക്കാർ അറിയിക്കുന്നത്. ചർച്ചയിൽ നിരക്ക് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇത് എന്ന് നടപ്പാക്കും എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് വിവരം. ചാർജ് വർദ്ധന സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം.
ചാർജ് വർദ്ധന ആവശ്യപ്പെട്ട് ബസ് ഉടമകൾ കഴിഞ്ഞ നാല് ദിവസമായി സമരം തുടരുകയാണ്. ഇതേ തുടർന്ന് ജനങ്ങൾ വലിയ ബുദ്ധിമുട്ട് ആണ് നേരിടുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയത്. നേരത്തെ ഈ മാസം 30 ന് ശേഷമേ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകുയെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
