തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് അതാത് രാജ്യങ്ങളിൽ തിരിച്ചെത്തി തൊഴിൽ തുടരുവാനുള്ള സാഹചര്യം ഒരുക്കുന്നത് സർക്കാരിൻ്റെ പ്രഥമപരിഗണനയിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
അതാത് രാജ്യങ്ങളിലെ എംബസികളും, ഹൈക്കമ്മീഷനുകളും ഇതിനായുള്ള ഏകോപനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു. നാലാമത് പി.ഒ.ഇ (പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്സ്) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യസഹമന്ത്രി. മാനവ വിഭവശേഷി വിനിയോഗത്തിനും, പരസ്പര സഹകരണത്തിനും ലോകരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.
പ്രവാസികൾക്ക് തൊഴിൽ സാധ്യത വർധിപ്പിക്കാനുള്ള ധാരണകൾക്കായി മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.ഉയർന്ന നൈപുണ്യം ആവശ്യമുള്ള 14 മേഖലകളിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് ജപ്പാനിൽ ജോലി ചെയ്യാനുള്ള ഉഭയകഷി ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പരസ്പര സഹകരണത്തിനുള്ള ധാരണ പത്രങ്ങൾ ബ്രിട്ടനുമായും, കുവെയ്റ്റുമായും, പോർച്ചുഗലുമായും ഒപ്പിട്ടു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, പ്രവാസികളുടെ മടക്കത്തിനും, കാര്യക്ഷമമായ പുനർവിന്യാസത്തിനും ക്രിയാത്മക നടപടികൾ ആവശ്യമുണ്ട്. ഇതിനായി അതത് രാജ്യങ്ങളിൽ ബന്ധപ്പെട്ട എംബസികൾ കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി അറിയിച്ചു.