ന്യൂഡൽഹി: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതു ഊർജം നൽകുന്ന വർഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു.
എല്ലാ സ്വാതന്ത്ര്യസമര പോരാളികളെയും സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.കൊവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ഇത്തവണ ഒളിമ്പ്യന്മാർ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകൾ ഇത് ഓർക്കും.
എല്ലാ ഓഗസ്റ്റ് 14 ലും വിഭജനത്തിന്റെ മുറിവുകൾ ഓർമ്മപ്പെടുത്തുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നും പുഷ്പ വൃഷ്ടി ഉണ്ടായി. ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുത്തു.
അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ദിശാബോധം നൽകിയത് ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായ് പട്ടേലുമെന്ന് മോദി. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ച ആരോഗ്യപ്രവർത്തകർ, ശുചീകരണതൊഴിലാളികൾ, വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞർ എന്നിവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി. രാജ്യത്തെ എല്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇത്തവണത്തേത് അദ്ദേഹത്തിന്റെ തുടർച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്.
