ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നു. ഗുരു ആദ്ധ്യാത്മിക ചൈതന്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
‘എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും എന്റെ വിനീതമായ നമസ്കാരം’ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവൻ. അദ്ദേഹത്തിന്റെ ജന്മത്താൽ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളം. കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകി. ശിവഗിരി ഏകഭാരത, ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വർക്കല ദക്ഷിണ കാശിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തേയും മൂല്യങ്ങളേയും ഗുരു സമ്പന്നമാക്കി. മറ്റുള്ളവരുടെ വികാരം മനസിലാക്കി സ്വന്തം ആശയം അവതരിപ്പിച്ചു. ഗുരുക്കന്മാരും സന്ന്യാസിമാരും മതാചാരങ്ങളേയും പരിഷ്കരിച്ചു. ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടുകയും അധുനികതയെ കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
