തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സി 2 കോച്ചിൽ തിരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഇതിനുശേഷമാണ് വന്ദേഭാരതിന് പച്ചക്കൊടി വീശിയത്. മുഖ്യമന്ത്രി പിണറായി വിജയനും ട്രെയിനിനകത്ത് മോദിക്കൊപ്പമുണ്ടായിരുന്നു.
ലോക്കോ പൈലറ്റുമാരുമായും മോദി സംസാരിച്ചു. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്നില്ല. ആദ്യയാത്രയിൽ മതസാമൂഹിക രാഷ്ട്രീയ നേതാക്കളും താരങ്ങളും പങ്കെടുക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
പ്രധാനമന്ത്രി അൽപസമയത്തിനകം സെൻട്രൽ സ്റ്റേഡിയത്തിലെത്തും. കൊച്ചി വാട്ടർ മെട്രോയും പൂർണമായി വൈദ്യുതീകരിച്ച ദിണ്ടിഗൽ- പളനി- പാലക്കാട് സെക്ഷൻ റെയിൽപാതയും നാടിന് സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റൽ സയൻസ് പാർക്ക്, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള തിരുവനന്തപുരം റെയിൽമേഖലയുടെ വികസനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ സെക്ഷനിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കുന്ന പദ്ധതി എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കും. ശേഷം 12.40ന് പ്രധാനമന്ത്രി കേന്ദ്രഭരണപ്രദേശമായ ദാദ്രനഗർ ഹവേലിക്ക് പുറപ്പെടും.പത്തേ കാലോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിലെത്തിയ മോദിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എം പി, മന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.ചവേർ ആക്രമണ ഭീഷണിയുടെയും ഇന്റലിജൻസിന്റെ സുരക്ഷാ സ്കീം ചോർന്നതിന്റെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയ്ക്ക് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ് (എസ്.പി.ജി),കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) എന്നിവ സംയുക്തമായാണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. എസ്.പി.ജി ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തിൽ രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഉന്നത ഐ.ബി ഉദ്യോഗസ്ഥരും തലസ്ഥാനത്തുണ്ട്.