കുവൈത്ത് സിറ്റി: കുവൈറ്റിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വർധിച്ചു. റമദാൻ മാസം ആരംഭിച്ചതോടെയാണ് മുട്ടയുടെ വില കുത്തനെ ഉയർന്നത്. ഡിമാൻഡ് വർധിച്ചതും കോഴിത്തീറ്റയുടെ വില വർധനവുമാണ് വില കൂടാനുണ്ടായ പ്രധാന കാരണം.
നിലവിൽ കോഴിയിറച്ചിക്ക് കിലോയ്ക്ക് ഒരു ദിനാറും 30 മുട്ടകളുള്ള ട്രേയ്ക്ക് ഒന്നര ദിനാറുമാണ് വില. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ സബ്സിഡി വെട്ടിക്കുറച്ചതിനെ തുടർന്ന് കോഴിത്തീറ്റയുടെ വില ടണ്ണിന് 30 ദിനാറിൽ നിന്ന് 118 ദിനാറായി ഉയർന്നിരുന്നു.
ഇതുകൂടാതെ, റമദാൻ അനുബന്ധിച്ച് ജം ഇയ്യകളിൽ പ്രഖ്യാപിച്ച പ്രത്യേക വിലക്കുറവും ഡിമാൻഡ് വർധിക്കുന്നതിന് കാരണമായി. ഇതിനുപുറമെ, വാടക ചെലവ്, തൊഴിലാളികളുടെ വേതനം, പരിപാലനച്ചെലവ് എന്നിവയും വർധിച്ചു. ഇക്കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ വില വർധിച്ചതെന്ന് അൽ മുബാറക്കിയ പൗൾട്രി കമ്പനി ഡയറക്ടർ തൗഫീഖ് അൽ സലേഹ് പറഞ്ഞു. നിലവിൽ രാജ്യത്ത് കോഴി, കോഴിമുട്ട ഉൽപാദന മേഖലയിൽ ഏഴ് കമ്പനികളാണ് പ്രവർത്തിക്കുന്നത്.