
കണ്ണൂര്: കടുത്ത ജോലി സമ്മർദത്തിൽ പ്രതിഷേധിച്ചു ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പണിമുടക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്കും കളക്ടറേറ്റ്കളിലേക്കും മാർച്ച് നടത്തി. ഏറ്റുകുടുക്കയിൽ ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിച്ചത്. അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗണസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ആണ് പ്രതിഷേധം.
ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലി
ടാർഗറ്റ് നിശ്ചയിച്ചുള്ള എസ്ഐആർ ജോലി വലിയ സമ്മർദമുണ്ടാക്കുന്നുവെന്ന് ബിഎൽഓമാർ സാക്ഷ്യപ്പെടുത്തുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചാലും എങ്ങനെയെങ്കിലും തീർക്കാനാണ് മറുപടി. ബിഎൽഒമാർക്ക് ടാർഗറ്റ് സമ്മർദമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശവും ഇന്ന് പുറത്തുവന്നു. വോട്ടറെ കണ്ടെത്തുന്നത് മുതൽ ഫോം പൂരിപ്പിച്ച് വാങ്ങി, അപ്ലോഡ് ചെയ്യുന്നത് വരെ ഒരു ബൂത്ത് ലെവൽ ഓഫീസർ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.
എസ്ഐആറിന് എന്യൂമറേഷൻ ഫോം വീടുകളിലെത്തി നൽകി വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങി വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ജോലി ബിഎൽഒമാർക്കാണ്. മൂന്ന് തവണ വീട് കയറണം. അറുനൂറ് മുതൽ 1500 വരെ വോട്ടർമാരെ ഒരു ബിഎൽഒ കൈകാര്യം ചെയ്യണം. ഫോം വിതരണം ചെയ്ത് തിരികെ വാങ്ങാനുള്ളത് ഒരു മാസം സമയമാണ്. 2002ലെ വോട്ടർ പട്ടികയുമായി വീടുകളിലേക്കിറങ്ങുമ്പോൾ ബിഎൽഒമാർ നേരിടുന്നത് പല തരം വെല്ലുവിളികളാണ്.


