തിരുവനന്തപുരം: മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറും പ്രസ് ക്ലബ് അംഗവുമായ ബെന്നി പോളിനെ ഡ്യൂട്ടിക്കിടെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലാക്കിയതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിലെ സ്മരണാഘോഷ പരിപാടി കവർ ചെയ്യുന്നതിനായി പള്ളിയിലെത്തിയ ബെന്നി പോൾ റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത വഞ്ചിയൂർ എസ്.എച്ച്.ഒ ദിനിൻ ബൈക്കിനടുത്തു നിന്ന ബെന്നിയെ തെറി വിളിച്ചു. മര്യാദയ്ക്കു സംസാരിക്കണമെന്നു പറഞ്ഞ ബെന്നിയുടെ ക്യാമറ പിടിച്ചു വാങ്ങി പോലീസ് ജീപ്പിലെറിഞ്ഞു.
എസ് എച്ച് ഒയും രണ്ടു പോലീസുകാരും ചേർന്ന് ബെന്നിയെ ഷോൾഡറിൽ അമർത്തിപ്പിടിച്ച ശേഷം മർദിച്ച് കൈയ്ക്കും കാലിനും തൂക്കിയെടുത്ത് ജീപ്പിലിട്ട് സ്റ്റേഷനിൽ കൊണ്ട് പോവുകയായിരുന്നു. ഇതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ പ്രസ് ക്ലബ് ഭാരവാഹികളോടും മറ്റ് മാധ്യമ പ്രവർത്തകരോടും എന്തും ചെയ്യും, ആരു ചോദിക്കാൻ എന്നായിരുന്നു സി ഐ ദിനിൻ്റെ പ്രതികരണം. പോലീസ് പിടിച്ചു തിരിച്ച കൈയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞ ബെന്നിയെ എന്നാൽ മെഡിക്കലെടുക്കാം എന്നു പറഞ്ഞ് പിടിച്ചു വലിച്ച് വീണ്ടും ജീപ്പിൽ കയറ്റി. ഈ സമയം മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ വാഹനം തടഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനെ കൈ പിടിച്ച് തിരിച്ച് കൈയേറ്റം ചെയ്ത പോലീസുകാർ വാച്ച് പൊട്ടിച്ചെറിഞ്ഞു.
ബെന്നിയെ കയറ്റിയ പൊലീസ് ജീപ്പ് അര മണിക്കൂറോളം മാദ്ധ്യമപ്രവർത്തകർ തടഞ്ഞുവച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് ബെന്നി പോളിനെ വിട്ടയച്ചത്.
പാറ്റൂർ പള്ളിയിലെ വൈദികരോടും ഇന്നത്തെ പരിപാടിക്കിടെ വഞ്ചിയൂർ എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നിട്ടുണ്ട്.
പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഒരു മാദ്ധ്യമപ്രവർത്തകനെ ഡ്യൂട്ടിക്കിടെ മൃഗങ്ങളെയെന്നപോലെ കാലിലും കൈയിലും തൂക്കിയെടുത്ത് ജീപ്പിലിട്ട് സ്റ്റേഷനിൽ കൊണ്ടുപോയ എസ്.എച്ച്.ഒയുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണനും സെക്രട്ടറി എച്ച്.ഹണിയും ആവശ്യപ്പെട്ടു.