കീവ്: റഷ്യക്കെതിരെ പോരാടാന്‍ തങ്ങള്‍ തനിച്ചാണെന്ന് ഉക്രൈന് പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി. “നമുക്കൊപ്പം പോരാടാൻ ആരാണ് തയ്യാറുള്ളത്? ഞാൻ ആരെയും കാണുന്നില്ല. നാറ്റോ അംഗത്വത്തിന് ഉക്രെയ്നിന് ഒരു ഗ്യാരണ്ടി നൽകാൻ ആരാണ് തയ്യാറുള്ളത്? എല്ലാവർക്കും പേടിയാണ്, ”അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ ഒറ്റയ്ക്കാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്. ലോകത്തിലെ വന്‍ശക്തികള്‍ ഇത് ദൂരെ നിന്ന് വീക്ഷിക്കുന്നു, ”-വോലോഡൈമർ സെലെൻസ്കി പറഞ്ഞു. ഉപരോധം ഏർപ്പെടുത്തിയതുകൊണ്ടു മാത്രം റഷ്യൻ സൈന്യത്തെ തടയാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസം രാജ്യത്ത് 137 സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി സെലെൻസ്കി പറഞ്ഞു. 316 പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
“Zmiinyi ദ്വീപിനെ സംരക്ഷിച്ചുകൊണ്ട്, ഞങ്ങളുടെ എല്ലാ അതിർത്തി കാവൽക്കാരും വീരമൃത്യു വരിച്ചു. എന്നാൽ അവർ കീഴടങ്ങിയിട്ടില്ല. അവർക്കെല്ലാം മരണാനന്തരം ഉക്രെയ്നിലെ ഹീറോ എന്ന പദവി നൽകും. ഉക്രെയ്നിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർ എന്നെന്നും സ്മരിക്കപ്പെടട്ടെ,” സെലൻസ്കി പറഞ്ഞു.
രാഷ്ട്രത്തലവനെ താഴെയിറക്കി ഉക്രെയ്നെ രാഷ്ട്രീയമായി നശിപ്പിക്കാൻ റഷ്യ ആഗ്രഹിച്ചിട്ടും താൻ ഇപ്പോഴും ഉക്രെയ്നിലുണ്ടെന്ന് സെലെൻസ്കി പ്രഖ്യാപിച്ചു.