ന്യൂഡൽഹി: വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം പതിനൊന്ന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇവരിൽ ഒരാളുടെ പത്രിക ശരിയായ രേഖകൾ ഇല്ലാത്തതിനാൽ നിരസിച്ചതായി അധികൃതർ അറിയിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 നാണ് നടക്കുന്നത്. നാമനിർദ്ദേശം ജൂൺ 29 വരെ തുടരും.
രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിലേക്കുള്ള ഒഴിവിലേക്ക് വോട്ടർമാരെ വിളിച്ച് ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് നാമനിർദ്ദേശ നടപടികൾ ആരംഭിച്ചത്. പത്രിക സമർപ്പിച്ചവരിൽ ഒരു മലയാളിയും ഉള്‍പ്പെടുന്നു. തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി.
തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ് പത്രിക നല്‍കിയിട്ടുള്ളത്. വേണ്ട രേഖകള്‍ നല്കാത്തതിനാല് ഒരു നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് നിരസിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ലാലുപ്രസാദ് യാദവും ഉള്‍പ്പെടുന്നു. ആര്‍ജെഡി സ്ഥാപകനായ ലാലു പ്രസാദ് അല്ല, ബിഹാറിലെ സരൺ സ്വദേശിയാണ് ഈ ലാലു.
ഇതുവരെ പത്രിക നല്കിയവര് ഇവരാണ്.
കെ പദ്മരാജന് ( തമിഴ്നാട്)
ജീവന് കുമാര്‍ മിത്തല്‍( ഡല്‍ഹി)
മുഹമ്മദ് എ ഹമീദ് പട്ടേല്‍ ( മഹാരാഷ്ട്ര)
സൈറ ബാനോ മുഹമ്മദ് പട്ടേല്‍ ( മഹാരാഷ്ട്ര)
ടി രമേഷ് ( നാമക്കല്‍)
ശ്യാം നന്ദന് പ്രസാദ് ( ബിഹാര്‍)
ദയാശങ്കര്‍ അഗര്‍വാള്‍ ( ഡല്‍ഹി)
ലാലുപ്രസാദ് യാദവ് ( ബിഹാര്‍)
എ മനിതന് ( തമിഴ്നാട്)
എം തിരുപ്പതി റെഡ്ഡി ( ആന്ധ്രപ്രദേശ്)
സ്ഥാനാർത്ഥി ഇലക്ടറായി രജിസ്റ്റർ ചെയ്തിട്ടുള്ള പാർലമെന്റ് മണ്ഡലത്തിലേക്കുള്ള നിലവിലെ വോട്ടർ പട്ടികയിൽ തന്റെ പേര് കാണിക്കുന്ന എൻട്രിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അറ്റാച്ചുചെയ്യാത്തതിനാലാണ് ഒരു സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം നിരസിക്കപ്പെട്ടത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 30 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്. വോട്ടെടുപ്പ് ജൂലൈ 18 ന്. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ ജൂലൈ 21 ന് നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.
