തിരുവനന്തപുരം: പ്രണയവും വിരഹവും തീർത്ത വികാര വിചാരങ്ങളുടെ ആഴങ്ങൾ മലയാള ചലച്ചിത്ര പ്രേമികൾക്കു കാട്ടിത്തന്ന അനശ്വര നടൻ പ്രേം നസീർ മൺമറഞ്ഞിട്ട് 31 ആണ്ടുകൾ പിന്നിട്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും പ്രേംനസീർ എന്ന നാമം ഈ നാടിന്റെ ഹൃദയത്തിൽ കളറായും ബ്ലാക്ക് ആൻഡ് വൈറ്റായുമൊക്കെ തെളിഞ്ഞുതന്നെ നിൽക്കുന്നു. ആ ഓർമകൾക്ക് ഒരു സ്മാരകം വേണമെന്നത് തലമുറ ഭേദമില്ലാതെയുള്ള മലയാളിയുടെ ആഗ്രഹമാണ്. ആ ആഗ്രഹ പൂർത്തീകരണത്തിനു 26 ഒക്ടോബർ 26 ശിലപാകുകയാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിൻകീഴിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വൈകിട്ടു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിനു സമീപമാണ് വെള്ളിത്തിരയിലെ നിത്യഹരിത നായകൻ്റെ പേരിൽ സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നത്. തികഞ്ഞ മതേതര വാദിയും മനുഷ്യ സ്നേഹിയുമായിരുന്ന മഹാനടന്റെ ഓർമകൾക്ക് ഈ ദേവീ ക്ഷേത്രത്തിന്റെ മണ്ണിലും പ്രൗഢമായ വേരുകളുണ്ട്. ശാർക്കര ദേവിക്ക് ആദ്യമായി ഒരു ആനയെ കാണിക്കവച്ചതുൾപ്പെടെ. ചിറയിൻ കീഴുകാരുടെ പ്രേം നസീർ ഓർമകൾക്ക് അഭ്രപാളികൾക്കു പുറത്ത് ഇത്തരം എത്രയോ ഒളിമങ്ങാത്ത ഓർമകൾ. അഭ്ര പാളിയിലെ ആ നിത്യവിസ്മയം പിൽക്കാലത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഖബർസ്ഥാനുള്ള കാട്ടുമുറാക്കൽ ജുമാ മസ്ജിദിന്റെ നവീകരണ പ്രക്രിയയുടെ ഭാഗമായത്, ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് എക്സ് റേ യൂണിറ്റ് നൽകിയത്, കുന്തള്ളൂർ സ്ക്കൂളിൽ കെട്ടിടം നിർമിച്ചു നൽകിയത്, അവിടത്തെ ഗ്രന്ഥശാലയ്ക്ക്ആദ്യമായി ഒരു ടെലിവിഷൻ വാങ്ങി നൽകിയത് അങ്ങനെ തന്റെ കഥാപാത്രങ്ങളെ പോലെ എണ്ണിയാലൊടുങ്ങാത്ത അനശ്വര ഓർമകൾ ജന്മനാടിനായി നസീർ തന്റെ ജീവിത തിരക്കഥയിൽ എഴുതി ചേർത്തിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സിനിമയ്ക്കുള്ളിലും സിനിമയ്ക്കു പുറത്തും പ്രേം നസീർ എന്തായിരുന്നുവെന്ന് ഓരോ മലയാളിയുടേയും ഹൃദയത്തിലുണ്ട്. അതുകൊണ്ടായിരിക്കാം ആ ഓർമകൾക്കു സ്മൃതി സ്മാരകം പണിയാൻ മൂന്നു പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നിട്ടും ,ഒന്നിനും ഒരിക്കലും പരിഭവം പറഞ്ഞിട്ടില്ലാത്ത പ്രേംനസീറിനെ പോലെ തന്നെ സിനിമാപ്രേമികളും കാത്തിരുന്നത്. ഇഛാശക്തിയുളള ഒരു സർക്കാരിന്റെ ഇടപെടലിൽ ഇപ്പോൾ അതു സാക്ഷാത്കരിക്കപ്പെടുകയാണ്. ‘മരുമകൾ’ മുതൽ ‘ധ്വനി’ വരെ 781 സിനിമകളിൽ നായകൻ, മലയാളത്തിൽ മാത്രം 672 എണ്ണം, 56 തമിഴ് സിനിമകൾ, 21 തെലുങ്ക് സിനിമകൾ, 32 കന്നഡ സിനിമകൾ മിസ് കുമാരി മുതൽ അംബിക വരെ എൺപതിലധികം നായികമാർ. ഷീല എന്ന ഒറ്റ നായികയ്ക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകൾ. കുറ്റാന്വേഷകനായും എഴുത്തുകാരനായും കർഷകനായും കുടുംബനാഥനായും വടക്കൻ പാട്ടുകളിലെ വീരനായും പ്രണയഭാവം ആ പാദചൂഡം നിറഞ്ഞു നിന്ന നായകനായും അദ്ദേഹം പ്രേക്ഷക മനസ്സുകൾ കീഴടക്കി. സസ്പെൻസും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം അദ്ദേഹം അനായാസം ബിഗ് സ്ക്രീനിൽ പകർന്നാടി… പ്രേം നസീർ ഒരു കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയെ എത്ര സ്വാധീനിച്ചിരുന്നെന്ന് ഈ കണക്കുകളിൽ നിന്നു വ്യക്തം. അഭിനയത്തെ മാത്രമല്ല സിനിമയുടെ സർവ മേഖലകളേയും ആ പ്രതിഭയുടെ സാന്നിധ്യം വലിയതോതിൽ സ്വാധീനിച്ചിരുന്നു.
1983 ൽ പത്മഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1989 ജനുവരി 16 നാണ് പ്രേം നസീർ ഓർമയുടെ തിരശീലയ്ക്കു പിന്നിലേക്കു മടങ്ങുന്നത്. 62 വയസായിരുന്നു അന്നു പ്രായം.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ജന്മനാടായ ചിറയിൻകീഴിലൊരുങ്ങുന്ന പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ചലച്ചിത്ര വിദ്യാർഥികൾക്കും ചലച്ചിത്ര പ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടത്തക്ക വിധം മൂന്ന് നിലകളിലായി നിർമിക്കുന്ന മന്ദിരത്തിന്റെ താഴത്തെ നിലയിൽ 7,200, രണ്ടാമത്തെ നിലയിൽ 4,000, മൂന്നാമത്തെ നിലയിൽ 3,800 എന്നിങ്ങനെ ആകെ 15,000 ചതുരശ്ര അടി വിസ്തീർണ്ണവുമുണ്ട്. താഴത്തെ നിലയിൽ രണ്ട് ഹാളുകളിലായി മ്യൂസിയം, ഓഫീസ് എന്നിവയും ഓപ്പൺ എയർ തീയേറ്റർ -സ്റ്റേജും ഉണ്ടാകും. രണ്ടാമത്തെ നിലയിൽ ലൈബ്രറിയും കഫെറ്റീരിയയും മൂന്നാമത്തെ നിലയിൽ മൂന്ന് ബോർഡ് റൂമുകളുമാണ് സജ്ജീകരിക്കുക. കൂടാതെ സ്മാരകത്തിൽ പ്രേം നസീറിന്റെ മുഴുവൻ സിനിമകളുടെയും ശേഖരം, ചലച്ചിത്ര പഠനത്തിന് വേണ്ടിയുള്ള പ്രത്യേക സംവിധാനം, താമസ സൗകര്യം തുടങ്ങിയവയും ഉണ്ടാകും.
സ്മാരകം നിർമ്മിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 66. 22 സെന്റ് ഭൂമി റവന്യൂ വകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു. സർക്കാർ അനുവദിച്ച ഒരു കോടി രൂപയ്ക്കു പുറമെ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി വകയിരുത്തി രണ്ടു കോടി രൂപയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. സ്മാരക മന്ദിരം പണിയുന്നതിനുള്ള മണ്ണു പരിശോധന നടപടികൾ ഇതിനോടകം പൂർത്തിയായി.
സ്ഥലം എം. എൽ. എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചെയർമാനായ ഏഴ് അംഗ സമിതിയാണ് സ്മാരക നിർമാണത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി. ഡബ്ല്യൂ. ഡി ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാഡമി പ്രതിനിധി തുടങ്ങിയവർ അടങ്ങുന്ന ഈ സമിതി അംഗീകരിച്ച പ്ലാനിൽ ആണ് സ്മാരകം നിർമ്മിക്കുക. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുന്ന പ്രേം നസീർ സ്മാരകം സാമൂഹിക സംസ്കാരിക രംഗത്ത് പുത്തനുണർവേകും.