മനാമ: ബഹ്റൈനിൽ പതുക്കിയ ക്വാറന്റൈൻ മാനദണ്ഡങ്ങൾ ജനുവരി 13 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്നാണ് തീരുമാനം. ബിഅവെയർ ബഹ്റൈൻ (BeAware Bahrain) ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് ഉള്ള വ്യക്തികൾക്ക് ക്വാറന്റൈൻ കാലയളവ് അണുബാധയുടെ തീയതി മുതൽ ഏഴ് ദിവസമായിരിക്കും. ഇവർക്ക് ഏഴ് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാം.
വാക്സിനേഷൻ എടുക്കാത്ത, അല്ലെങ്കിൽ BeAware Bahrain ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡ് ഉള്ളവർക്ക് അണുബാധയുണ്ടായ തീയതി മുതൽ പത്ത് ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയണം. ഇവർക്ക് പത്ത് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് ഒഴിവാകാം.
ബഹ്റൈനിലേക്ക് എത്തിച്ചേരുന്ന യാത്രക്കാർക്കുള്ള ക്വാറന്റൈൻ മാനദണ്ഡങ്ങളും ടാസ്ക്ഫോഴ്സ് പ്രഖ്യാപിച്ചു. BeAware Bahrain ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡുള്ള വ്യക്തികളും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത യാത്രക്കാരും രാജ്യത്ത് എത്തിച്ചേരുമ്പോൾ ഏഴു ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയേണ്ടതാണ്. BeAware Bahrain ആപ്ലിക്കേഷനിൽ ഗ്രീൻ ഷീൽഡ് ഉള്ള യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല.
കോവിഡ് -19 ന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പിസിആർ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം ടാസ്ക്ഫോഴ്സ് ഓർമിപ്പിച്ചു. കൂടാതെ എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുന്നത് തുടരണമെന്നും ടാസ്ക്ഫോഴ്സ് വ്യക്തമാക്കി.