മനാമ: ബഹ്റൈനിൽ ‘മങ്കിപോക്സ്’ പ്രതിരോധ വാക്സിനുള്ള മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh വഴിയോ ഹോട്ട്ലൈൻ നമ്പറായ 444-ൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.
രോഗം പടരുന്നത് തടയാൻ ആവശ്യമായ മെഡിക്കൽ, ലോജിസ്റ്റിക്കൽ വിഭവങ്ങൾ സുരക്ഷിതമാക്കാനുള്ള സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമാണ് വാക്സിൻ വ്യവസ്ഥ എന്ന് മാന്ത്രാലയം വ്യക്തമാക്കി. എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യ മാനദണ്ഡമനുസരിച്ച് മുൻനിര ആരോഗ്യ പ്രവർത്തകരും സമ്പർക്ക സാധ്യത കൂടുതലുള്ളവരും ഉൾപ്പെടെയുള്ള മുൻഗണനാ വിഭാഗങ്ങൾക്ക് നൽക്കാനുള്ള വാക്സിന്റെ പരിമിതമായ സ്റ്റോക്ക് രാജ്യം സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുൻനിര ആരോഗ്യപ്രവർത്തകർ, രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണന വിഭാഗങ്ങൾക്കാണ് ആദ്യം നൽകുക. തുടർന്ന് ലഭിക്കുന്ന വാക്സിൻ രജിസ്റ്റർ ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കും നൽകും. സൗജന്യമായാണ് വാക്സിൻ വിതരണമെന്നും അധികൃതർ അറിയിച്ചു.
മങ്കിപോക്സിനെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിക്കുന്നവർക്ക് 21 ദിവസത്തെ ഐസൊലേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. രോഗത്തെ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാർശകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന, ഒറ്റപ്പെടൽ, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പിൾ പരിശോധനക്കെടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ഇവർക്ക് ആവശ്യമായ ചികിത്സകളും നൽകും. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതായി സംശയിക്കുന്ന വ്യക്തികൾക്കും ഐസൊലേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആവശ്യാനുസരണം ഐസൊലേഷൻ കാലയളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതാണ്.
Summary: Pre-registration for the Voluntary Monkeypox Vaccine Opens