മനാമ: ‘സമാധാനത്തിനായുള്ള പ്രാർത്ഥന’ എന്ന പ്രമേയവുമായി ‘ദിസ് ഈസ് ബഹ്റൈന്റെ’ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമദാൻ സംഗമം ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടന്നു. രാജാവ് ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ആണ് പരിപാടി നടന്നത്. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും മാർപാപ്പയുടെ വ്യക്തിഗത പ്രതിനിധി ഹിസ് ഗ്രേസ് ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ നുഗന്റും പങ്കെടുത്തു. ബഹുവിശ്വാസികളായ പ്രാദേശിക മതനേതാക്കന്മാരും നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.
എല്ലാ മതവിഭാഗങ്ങൾക്കുമിടയിൽ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും വിളക്ക് എന്ന നിലയിൽ ബഹ്റൈന് ഒരു നീണ്ട ചരിത്രമുണ്ട്. എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും വിഭാഗങ്ങൾക്കുമിടയിൽ സഹവർത്തിത്വമുള്ള രാജ്യമായി മാറിയെന്നും ശൈഖ് നാസർ ബിൻ ഹമദ് പറഞ്ഞു.
സ്നേഹവും സമാധാനവും, സഹവർത്തിത്വവും, സഹിഷ്ണുതയും, മിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഇത്തരം ഒത്തുചേരലുകൾ നടത്താൻ ആഗ്രഹിക്കുന്നതായും എവിടെയും സമാനതകളില്ലാത്ത സ്വാതന്ത്ര്യത്തോടെ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും ആചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷത്തിലാണ് ബഹ്റൈനിൽ ജീവിക്കുന്നതെന്നും ബെറ്റ്സി മാത്തിസൺ പറഞ്ഞു.
ബഹ്റൈന്റെ ദേശീയ ഗാനത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ബഹ്റൈൻ സൊസൈറ്റി ചെയർപേഴ്സൺ ബെറ്റ്സി മാത്തിസൺ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് സമാധാനത്തിനായുള്ള സർവമത പ്രാർത്ഥനയും കത്തീഡ്രൽ ഗായകസംഘത്തിന്റെ സമാധാന ഗാനവും അരങ്ങേറി.